ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളെ ഇനി കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇന്ത്യ . ഭീകരരെ നിയന്ത്രണ രേഖ കടന്നും പിടികൂടുമെന്ന് ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കി. സെപ്റ്റാംബർ 29 ന് നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഭാരതത്തിന്റെ നിലപാട് മാറ്റത്തിന്റെ സൂചനയെന്നും റിപ്പോർട്ട്.
1999 ലെ കാർഗിൽ യുദ്ധത്തോടനുബന്ധിച്ച് ഭാരതത്തിലേക്ക് കടന്നു കയറിയ ഭീകരവാദികളെ അതിർത്തിയിൽ നിന്ന് കെട്ടുകെട്ടിച്ചെങ്കിലും നിയന്ത്രണ രേഖ മറികടക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല . എന്നാൽ സർജിക്കൽ സ്ട്രൈക്കിലൂടെ പുതിയ നിലപാടാണ് ഇന്ത്യ പ്രഖ്യാപിക്കുന്നത് . അതിർത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രണ രേഖ മറികടന്നും നേരിടാനാണ് തീരുമാനം.
2008 ലെ മുംബൈ ആക്രമണത്തിനു ശേഷവും നയതന്ത്രപരമായല്ലാതെ ഇന്ത്യ പ്രതികരിച്ചിരുന്നില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം നടന്ന പത്താൻ കോട്ട് , ഉറി ആക്രമണങ്ങളാണ് സർക്കാരിന്റെ നയം മാറ്റത്തിന് കാരണമായത്. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റത്തിന് ബദലായി പാക് അധീന കശ്മീരിലെ ഭീകരരുടെ കയറ്റി അയപ്പ് കേന്ദ്രങ്ങൾ തകർക്കുക എന്ന പുതിയ നയമാണെന്ന് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് .
പാകിസ്ഥാൻ സൈനിക മേധാവി റഹീൽ ഷെരീഫിന്റെ കാലാവധി നീട്ടി നൽകുമോ എന്ന കാര്യവും ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് . നീട്ടി നൽകിയാൽ അതിന്റെ അർത്ഥം പാകിസ്ഥാൻ ഇന്ത്യയുമായി ഒരു സംഘർഷത്തിന് തയ്യാറെടുക്കുന്നുണ്ടെന്നതാണെന്ന് പ്രതിരോധവൃത്തങ്ങൾ കരുതുന്നു. എന്തായാലും പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇനി പഴയത് പോലെ സുരക്ഷിതമല്ലെന്നാണ് പാക് നിഗമനം