ശ്രീനഗർ : കൊടും ഭീകരരായ ഹാഫിസ് സയിദും സയ്യദ് സലാഹുദ്ദീനും താവളം പാക് സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട് . ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്നാണ് ഹിസ്ബുൾ മുജാഹിദ്ദീൻ തലവനും ലഷ്കർ ചീഫും താവളം പാകധീന കശ്മീരിൽ നിന്ന് മാറ്റിയത് .
കഴിഞ്ഞ സെപ്റ്റംബർ 29 നാണ് പാകധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് . ആക്രമണത്തിൽ എറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് ലഷ്കർ ഇ തോയ്ബയ്ക്കായിരുന്നു. വേണ്ടി വന്നാൽ ഇനിയും ഭീകരരെ നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു . ഇതിനെത്തുടർന്നാണ് ഭീകര നേതാക്കന്മാരെ പാക് സൈനികത്താവളത്തിലേക്ക് മാറ്റിയത്.
ലാഹോറിലെ നാലാം സൈനിക കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത് . ഉറി ആക്രമണത്തിനു ശേഷവും ഭീകര ക്യാമ്പുകൾ ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു . എന്നാൽ സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തിൽ ലക്ഷ്യം കണ്ടുപിടിച്ചായിരുന്നു ഇന്ത്യൻ ആക്രമണം.
ഹാഫിസ് സയിദിനെതിരെ പാകിസ്ഥാനിൽ തന്നെ ജന രോഷം ഉയരുന്ന സാഹചര്യമാണിപ്പോൾ . ഈ സമയത്ത് ഹാഫിസ് സയിദിനെതിരെ നടക്കുന്ന ഇന്ത്യൻ ആക്രമണം പാകിസ്ഥാനിൽ പോലും ന്യായീകരിക്കപ്പെടും എന്ന സ്ഥിതിയാണുള്ളത് . ഇതാണ് ഭീകര നേതാക്കളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ട്.