കണ്ണൂർ: തലശ്ശേരി-മൈസൂര്‍ റെയില്‍പാതയുടെ പ്രാഥമിക സര്‍വ്വേക്ക് തുടക്കമായി. ഡി.എം.ആര്.സിയുടെ നേതൃത്വത്തിലാണ് ഇരിട്ടി, കൂത്തുപറമ്പ് മേഖലകളില്‍ സര്‍വ്വേ ആരംഭിച്ചത്. ഇതോടെ അറുപത് വര്‍ഷമായി കാത്തിരിക്കുന്ന തലശ്ശേരി-മൈസൂര്‍ പാതയുടെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വടക്കേ മലബാറുകാര്‍.
കഴിഞ്ഞ ആഗസ്റ്റ് മാസം കേന്ദ്ര റെയിൽവേ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ടതോടെയാണ് തലശ്ശേരി- മൈസൂര്‍ റെയില്‍പാത എന്ന വടക്കേ മലബാറുകാരുടെ ചിരകാല മോഹത്തിന് വീണ്ടും ചിറക് മുളച്ചത്. മൂന്ന് മാസത്തിനകം പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കണമെന്നും റെയിൽവേ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഡി.എം.ആര്.സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ ആരംഭിച്ചത്.
ബി.ജെ.പി എം.പി റിച്ചാര്‍ഡ് ഹേയുടെ ഇടപെടൽ മൂലമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിച്ചെലവിന്റെ 51 ശതമാനം സംസ്ഥാന സര്‍ക്കാരും 49 ശതമാനം കേന്ദ്രസര്‍ക്കാരുമാണ് വഹിക്കേണ്ടത്. കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് മൈസൂര്‍, ബംഗലുരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയില്‍പാത. തലശ്ശേരി- മൈസൂര്‍ റെയില്‍പാതക്ക് പുറമേ നിലമ്പൂര്‍- മൈസൂര്‍ റെയില്‍പാതയുടെ സര്‍വ്വെയും ഡി.എം.ആര്.സി നടത്തും.