കണ്ണൂർ: സി.പി.എം സംഘം വെട്ടിക്കൊലപ്പെടുത്തിയ കണ്ണൂര്‍ പിണറായിയിലെ രമിത്തിന്റെ ഭൗതിക ദേഹം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്‌കരിക്കും. പതിനാല് വര്‍ഷം മുമ്പ് സി.പി.എമ്മുകാരാല്‍ തന്നെ കൊല്ലപ്പെട്ട രമിത്തിന്റെ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ചാവശ്ശേരി ആവട്ടിയിലാണ് സംസ്‌കാരം. രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ഹർത്താൽ ആചരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം, രമിത്തിന്റെ മൃതദേഹം ഇന്നു രാവിലെ എട്ടുമണിയോടെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. 9.30ന് മാഹിയില്‍ നിന്ന് വിലാപയാത്രയായി പിണറായിയിലെ രമിത്തിന്റെ വീട്ടിലെത്തിക്കും. തലശ്ശേരിയിലും പിണറായിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കും. ഉച്ചയ്‌ക്ക് 12 മണിയോടെ രമിത്തിന്റെ പിതാവിന്റെ സ്വദേശമായ ചാവശ്ശേരിയില്‍ എത്തും.
2002ല്‍ സി.പി.എം സംഘം ബസ്സില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്‍ അന്ത്യവിശ്രമം കൊള്ളുന്ന ചാവശ്ശേരി ആവട്ടിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഒരേയൊരു മകനായ രമിത്തിനും പട്ടട ഒരുക്കുന്നത്. രാവിലെ ജോലിക്ക് പുറപ്പെടാനായി വീട്ടില്‍ നിന്നിറങ്ങിയ ഓട്ടോ ഡ്രൈവറായ രമിത്തിനെ വീടിന് മുന്നില്‍ വച്ച് ഒരുസംഘം സി.പി.എമ്മുകാര്‍ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രമിത്തിന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിയത്. ഒ.രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി.സുരേഷ്ബാബു, ബി.ജെ.പി നേതാക്കളായ കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയവര്‍ തലശ്ശേരി ആശുപത്രിയിലെത്തിയിരുന്നു.
അതേസമയം രമിത്തിന്റെ കൊലപാതകം ആസൂത്രിതമാണന്നാണ് പ്രാഥമിക നിഗമനമെന്ന് ഉത്തര മേഖലാ ഡി.ഐ.ജി ദിനേന്ദ്ര കാശ്യപ് പറഞ്ഞു. സംഘടനകള്‍ സംയമനം പാലിക്കണമെന്നും പൊലീസിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.