കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറും എംഎല്‍എയും അടക്കമുളളവര്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമരം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറായത്. രാവിലെ പത്ത് മണിയോടെയാണ് ഇരുപതിലധികം പെണ്‍കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കി ചില്‍ഡ്രന്‍സ് ഹോമിന്റെ മുകളില്‍ കയറിയത്.
ചില്‍ഡ്രന്‍സ് ഹോമിലെ അദ്ധ്യാപകരുടെ പെരുമാറ്റത്തിലും രക്ഷിതാക്കളെ കാണാന്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. സംഭവം മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ജില്ലാ കളക്ടര്‍, പി.ടി തോമസ് എംഎല്‍എ, എഡിഎം തുടങ്ങിവര്‍ നേരിട്ടെത്തി പെണ്‍കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു ആദ്യം ഇവരുടെ നിലപാട്.
ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയാണെന്നും കുറ്റവാളികളെപ്പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ പറഞ്ഞു. ഏറെ നേരത്തെ അനുനയശ്രമത്തിന് ശേഷമാണ് പെണ്‍കുട്ടികള്‍ താഴെയിറങ്ങാന്‍ തയ്യാറായത്.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ഈ മാസം 16ന് പെണ്‍കുട്ടികളുമായി കളക്ടറും എംഎല്‍എയുമടക്കം ചര്‍ച്ച നടത്തുമെന്നും ധാരണയായി.