ന്യൂഡൽഹി: പഠാൻകോട്ടിലെ വ്യോമസേനാതാവളത്തിലെ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ, ജയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്‌ഹറിനെതിരേ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം തയ്യാറാക്കുന്നു. മസൂദ് അസ്‌ഹറിനെക്കൂടാതെ, ആക്രമണത്തിൽ മുഖ്യ പങ്കു വഹിച്ച അസ്‌ഹറിന്റെ സഹോദരൻ അബ്ദുൾ റൗഫ്, മറ്റു രണ്ടു പേർ എന്നിവരെ ഉൾക്കൊള്ളിച്ചാണ് കുറ്റപത്രം തയ്യാറാക്കുന്നത്.
അസ്‌ഹറിനും കൂട്ടാളികൾക്കും മേൽ ഭാരതം ചുമത്തിയിരിക്കുന്ന കുറ്റാരോപണങ്ങളുടെ വെളിച്ചത്തിൽ, അസ്‌ഹറിനെ രാജ്യാന്തര തീവ്രവാദികളുടെ പട്ടികയിൽ ചേർക്കണമെന്ന് ഭാരതം യു.എൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച ആവശ്യത്തിന് കുറ്റപത്രം ആക്കം കൂട്ടുമെന്നു കരുതപ്പെടുന്നു. ഭാരതത്തിന്റെ ഈ ആവശ്യം പാകിസ്ഥാനു വേണ്ടി ചൈന നേരത്തേ വീറ്റോ ചെയ്തിരുന്നു.
ദേശീയ സുരക്ഷാ ഏജൻസി, കുറ്റപത്രത്തിൽ പ്രതിചേർക്കുന്ന മറ്റു രണ്ടു പേർ പാകിസ്ഥാൻ സ്വദേശികളായ കാസിഫ് ജാൻ, ഷാഹിദ് ലത്തീഫ് എന്നിവരായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഭാരതം സമാഹരിച്ച ഫോറൻസിക് രേഖകളും, ടെലിഫോൺ സംഭാഷണങ്ങളും അടക്കമുള്ള ശക്തമായ തെളിവുകൾ, ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിനും, അതിന്റെ തലവൻ മസൂദ് അസ്‌ഹറിനുമെതിരേയുള്ള കുറ്റപത്രത്തിന് കരുത്തു നൽകുന്നവയാണ്. ഇതോടൊപ്പം എൻ.ഐ.എ കൂടുതൽ തെളിവുസമാഹരണത്തിനായി അമേരിക്കയുടെ സാങ്കേതികസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിക്കുന്നതു സംബന്ധിച്ച നിയമവശങ്ങളേക്കുറിച്ച് എൻ.ഐ.എ പരിശോധിച്ചു വരികയാണ്. വിഷയത്തിലെ നിയമവശങ്ങളുടെ സങ്കീർണ്ണതകൾ വിലയിരുത്തിയ ശേഷം ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നേരത്തേ, 2011ൽ ലഷ്കർ ഇ തോയ്ബ ഭീകരനേതാവ് ഡേവിഡ് കോൾമാൻ ഹെഡ്ലി, ലഷ്കർ നേതാവ് ഹാഫിസ് സയീദ്, സാകി ഉർ റഹ്മാൻ ലഖ്‌വി, തഹാവൂർ ഹുസൈൻ റാണ, രണ്ട് ഐ.എസ്.ഐ ഓഫീസർമാരായ മേജർ സമീർ, മേജർ ഇക്‌ബാൽ തുടങ്ങിയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു കൊണ്ട് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ ഇവർക്കെതിരേ കുറ്റപത്രം തയ്യാറാക്കിയത്.
തീവ്രവാദം സംബന്ധമായ വിഷയങ്ങളിൽ പാകിസ്ഥാന്റെ നിസ്സഹകരണത്തെ മറികടക്കാൻ കുറ്റപത്രത്തിനു കഴിയും. പാകിസ്ഥാന്റെ സഹകരണമില്ലാതെ തന്നെ കേസിനെ ബലപ്പെടുത്താൻ ഇതു വഴി സാധിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പഠാൻകോട്ട് ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഭാരതത്തിനു കൈമാറുന്നതിന് പാകിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗം കൂടിയായാണ് എൻ.ഐ.എ കുറ്റപത്രം തയ്യാറാക്കുന്നത്. അതേസമയം, പഠാൻകോട്ട് ആക്രമണം സംബന്ധിച്ച് സൈന്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച തെളിവുകൾ കൈമാറാനോ, പ്രതികളിലേക്കെത്തിച്ചേരാനോ പാകിസ്ഥാൻ സഹകരിച്ചിട്ടില്ല.
ആക്രമണം സംബന്ധിച്ച് ഭാരതം സമാഹരിച്ച തെളിവുകൾക്കു പുറമേ ജെയ്ഷെ മുഹമ്മദ് അംഗങ്ങളുടെ ഇ മെയിലുകൾ, ചാറ്റ് സന്ദേശങ്ങൾ തുടങ്ങിയവ ചോർത്തിയെടുത്ത നിർണ്ണായക തെളിവുകൾ അമേരിക്കയും പങ്കു വച്ചിട്ടുണ്ട്.
ആക്രമണം സംബന്ധിച്ച് ശക്തമായ നിരവധി തെളിവുകളുടെ വെളിച്ചത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനോടു പ്രതികരിക്കാനും പാകിസ്ഥാൻ ഇതു വരെ തയ്യാറായിട്ടില്ല. ആക്രമണശേഷം പാകിസ്ഥാൻ സംയുക്ത അന്വേഷണസംഘത്തിന് സംഭവസ്ഥലം സന്ദർശിക്കാനും തെളിവുകൾ ശേഖരിക്കാനുമുള്ള അവസരവും ഭാരതം നൽകിയിരുന്നു. എന്നാൽ, ഭാരതം വ്യക്തമായ തെളിവുകൾ നൽകിയിട്ടും, അതിനോട് പാകിസ്ഥാൻ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.