പത്തനംതിട്ട: ശബരിമലയിൽ പൊലീസ് അടക്കം സർക്കാർ നൽകുന്ന സേവനങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പണം നൽകണമെന്ന് സർക്കാർ ഉത്തരവ്.
പണം അടയ്ക്കേണ്ടി വന്നാൽ ദേവസ്വം ബോർഡിനു കീഴിലുള്ള 1256 ക്ഷേത്രങ്ങളുടെ നിത്യചിലവും, ശമ്പളവും, പെൻഷനും പ്രതിസന്ധിയിലാകുമെന്നും, പണം അടയ്ക്കാൻ പറയുന്നവർ ഇതിന് മറുപടി പറയേണ്ടി വരുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പ്രയാർ ഗോപലകൃഷ്ണൻ ജനം ടി.വിയോട് പറഞ്ഞു. സർക്കാർ നിഷേധാത്മക നടപടിയിൽ തുടർന്നാൽ, ശബരിമല ഉന്നതതല യോഗത്തിൽ നിന്നും വിട്ടു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല-മകരവിളക്കു തീർത്ഥാടന കാലത്ത് സുരക്ഷയൊരുക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പിന് 6.48 കോടി രൂപയും, വാട്ടർ അതോറിറ്റിക്ക് നാലര കോടി രൂപയും, കെ.എസ്.ഇ.ബിയ്ക്ക് രണ്ടര കോടി രൂപയും തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകണമെന്നും, ഈ വകുപ്പുകളിലെ ജീവനക്കാർക്ക് താമസവും, ഭക്ഷണവുമുൾപ്പെടെ ദേവസ്വം ബോർഡ് ഒരുക്കണമെന്നും സർക്കാർ തീരുമാനം വന്നിരുന്നു.
എന്നാൽ പരോക്ഷമായി തീർത്ഥാടന കാലത്ത് ആയിരം കോടിയിലധികം രൂപ സർക്കാരിന് വരുമാനമുണ്ടെന്നിരിക്കേ തീർത്ഥാടകരുടെ കാണിക്കപ്പണം കയ്യിട്ടു വാരാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് തീർത്ഥാടക സംഘടനകൾക്കുള്ളിൽ നിന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
കോടതി പണമടയ്ക്കണമെന്നു പറഞ്ഞാൽ ദേവസ്വം ബോർഡ് പ്രസിഡ്ന്റിന് അടയ്ക്കാതിരിക്കാനാവില്ല. പതിനഞ്ചാം തീയതിയിലെ ഉന്നതാധികാരസമിതി മീറ്റിംഗിൽ പങ്കെടുക്കണമോ എന്നാലോചിക്കുകയാണ്. പ്രതിസന്ധിയുണ്ടാകുമ്പോൾ പരിരക്ഷിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ തയ്യാറായി വരണമെന്നും അദ്ദേഹം പറഞ്ഞു.