ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.