തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.