ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പൂര്‍ണമായും പിന്തുണയ്‌ക്കുന്നുവെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, മതതിന്റെ പേരില്‍ രാജ്യത്ത് അതിക്രമം അനുവദിയ്‌ക്കില്ലെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സിലാണ് നരേന്ദ്രമോദി സര്‍ക്കാരിനെ പ്രശംസിച്ച് ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തികള്‍ മാതൃകാപരവും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്നതാണെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപക അദ്ധ്യക്ഷന്‍ റെവറന്റ് ജോസഫ് ഡിസൂസ അഭിപ്രായപ്പെട്ടു.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭീകരവാദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്തുമത വിശ്വാസികള്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ജോസഫ് ഡിസൂസ പറഞ്ഞു.
അതേസമയം രാജ്യത്ത് മതപരമായ അതിക്രമം അനുവദിക്കില്ലെന്നും ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.