ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. തങ്ങളെ കടന്നുപിടിച്ചെന്നും അപമാനിച്ചു എന്നുമാണ് ആരോപണം. ലൈംഗികാരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്ത് വരുന്നത് ട്രംപ്പിന്‍റെ പ്രസിഡന്‍റ് സ്വപ്നത്തിന് ഭീഷണി ഉയർത്തുന്നുണ്ട്.
ഡോണാൾഡ് ട്രംപ് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചതിന്‍റെ വിശദാംശങ്ങളുമായി രണ്ടു വനിതകളാണ് ഒടുവിലായി രംഗത്ത് എത്തിയത്. ലോസ് ആഞ്ജലസിലെ ഒരു ഹോട്ടലിൽ വച്ച് ട്രംപ് തന്‍റെ സ്വകാര്യഭാഗങ്ങളിൽസ്പർശിച്ചെന്ന് മുൻ അപ്രന്റിസ് കണ്ടസ്റ്റന്റിൽ ഒരാളായ സമ്മർ സെർവിയോസ് വെളിപ്പെടുത്തി.
1990 ൽ ന്യൂയോർക്കിലെ നിശാ ക്ലബിൽ വച്ച് മോശമായി പെരുമാറിയെന്ന് ക്രിസ്റ്റിൻ ആൻസേഴ്സൺ എന്ന മോഡലും ആരോപിച്ചു. തങ്ങളെ നിരന്തരം ഉപദ്രവിച്ച വ്യക്തിയെ അന്ന് മനസിലായില്ലെന്നും പത്രങ്ങളിലും ടിവിയിലും വന്ന ഫോട്ടോ കണ്ടാണ് ട്രംപാണെന്ന് തിരിച്ചറിഞ്ഞതെന്നും ഇരുവരും പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെക്കുറിച്ച് അറിയില്ലെന്ന് ട്രംപ് പ്രതികരിച്ചു. താൻ പ്രസിഡന്‍റ് ആകുമെന്നതിൽ വിറളി പൂണ്ട ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ഹിലരി ക്ലിന്‍റൺ അഴിച്ചുവിടുന്ന ആരോപണങ്ങളാണ് ഇതെന്നും ട്രംപ് ആരോപിച്ചു. ട്രംപിന്‍റെ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.