കണ്ണൂർ: ഐ.എസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചത് ടൂടാനോട്ടാ എന്ന ഇമെയിൽ വഴിയെന്ന് എൻ.ഐ.എ. അയക്കുന്ന സന്ദേശങ്ങള്‍ സെര്‍വറില്‍ സൂക്ഷിക്കില്ലെന്ന പ്രത്യേകതയാണ് ഇവര്‍ വിവരങ്ങള്‍ കൈമാറാന്‍ ടൂടാനോട്ട ഉപയോഗിക്കാന്‍ കാരണം.
ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇ-മെയില്‍ സര്‍വീസ് കമ്പനിയാണ് ടൂടാനോട്ട ഡോട്ട് കോം. അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമാണ് ഈ സന്ദേശങ്ങള്‍ ലഭ്യമാകുക. അതായത് സെര്‍വറില്‍ നിന്ന് സന്ദേശമോ, മെയില്‍ അയച്ച വ്യക്തിയുടെ വിവരമോ ഒന്നും ലഭ്യമാകില്ല. ഉപകരണത്തില്‍ നിന്ന് ഡീലിറ്റ് ചെയ്താല്‍ മെയില്‍ അയച്ചതിന്റെ അവസാനത്തെ തെളിവും ഒളിപ്പിച്ചു വയ്‌ക്കാം.
ഇതു വഴിയാണ് കണ്ണൂരില്‍ നിന്ന് ഐ.എസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ യുവാക്കള്‍ സന്ദേശമയച്ചതെന്നാണ് എൻഐ.എ കണ്ടെത്തല്‍. എന്നാല്‍ സന്ദേശമയച്ച ലാപ്‌ടോപ്പടക്കമുള്ളവയില്‍ നിന്ന് സന്ദേശങ്ങള്‍ കണ്ടെത്താനാണ് എൻ.ഐ.എ നീക്കം.
അറസ്റ്റിലായ മന്‍സീദ് ഫിലിപ്പീന്‍സിലെ വ്യാജ സിംകാര്‍ഡ് വഴിയാണ് ടെലിഗ്രാം സന്ദേശമയച്ചതെന്നും എൻ.ഐ.എ കണ്ടെത്തി. മന്‍സീദിന്റെ ഭാര്യയുടെ ടാബും എൻ.ഐ.എ പരിശോധനയ്‌ക്ക് വിധേയമാക്കും.