കൊച്ചി: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. . ആനക്കൊമ്പ് കണ്ടെത്തിയ കേസില്‍ തുടരന്വേഷണം നടത്തിയില്ലെന്നു കാണിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഏലൂര്‍ സ്വദേശി എ.എ.പൗലോസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ആനക്കൊമ്പ് കൈവശം വയ്‌ക്കാന്‍ നടന്‍മോഹന്‍ലാലിന് വനംവകുപ്പ് അനുമതി നല്‍കിയത് ചട്ടവിരുദ്ധമാണെന്നും അതില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതിയില്‍ പരാതി വന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി മോഹന്‍ലാലിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍ക്കുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
2012-ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.