തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരേ കേസെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി, രതിൻ, അരുൺ, സുഭാഷ്, രാഹുൽ എന്നിവർക്കെതിരേയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ലേഖകനായ പ്രഭാതിന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇ.പി.ജയരാജന്റെ കേസ് വിജിലൻസ് കോടതി പരിഗണിക്കുന്ന അവസരത്തിൽ, പി.ടി.ഐ ലേഖകൻ ജെ.രാമകൃഷ്ണൻ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ പ്രഭാത് എന്നിവരെ കോടതിമുറിക്കുള്ളിൽ വച്ച് കയ്യേറ്റം ചെയ്യുകയും, സ്ത്രീകളടക്കമുള്ള മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയുമായിരുന്നു. ജഡ്ജിയുടെയും പൊലീസിന്റെയും കണ്മുന്നിൽ വച്ചാണ് അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെ നേരിട്ടത്.
തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് മാദ്ധ്യമപ്രവർത്തകർ കോടതിയിൽ നിന്നും പുറത്തു പോയത്. അതേസമയം പുറത്തിറങ്ങിയ മാദ്ധ്യമപ്രവർത്തകരെ കോടതിയിൽ നിന്നും അക്രമിസംഘം കല്ലെറിയുകയും ചെയ്തു. അഭിഭാഷകർ വലിച്ചെറിഞ്ഞ കല്ലുകൾ മാദ്ധ്യമങ്ങളുടെ ഒ.ബി വാനുകളിലാണ് വന്നു പതിച്ചത്.
അതേസമയം അഭിഭാഷകരുടെ മാദ്ധ്യമപ്രവർത്തകരോടുള്ള സമീപനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കോടതികൾ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ജഡ്ജിമാരുടെ അതേ അധികാരം അഭിഭാഷകർക്കുമുണ്ടെന്നു ധരിക്കരുതെന്നും, ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ ഇക്കൂട്ടർ അട്ടിമറിക്കുകയായിരുന്നുവെന്നും കെ.യു.ഡബ്ല്യു.ജെയുടെ സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കവേ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.