തിരുവന്തപുരം: അഴിമതി കൈയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഇ.പി ജയരാജന്റെ നടപടി മഹത്വവല്‍ക്കരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്നും ഇക്കാര്യം മറന്നാണ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ ഇപ്പോള്‍ അട്ടഹസിക്കുന്നതെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെ പോരാടാനോ അഴിമതിക്കാര്യത്തില്‍ യുഡിഎഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജി വെപ്പിച്ചത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിജിലന്‍സിനെ സമീപിച്ചതോടെ ജയരാജനെ ബലികഴിച്ച് സ്വന്തം കസേര രക്ഷിച്ചെടുക്കുകയാണ് പിണറായി ചെയ്തതെന്ന് കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്ന് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.
വ്യവസായവകുപ്പില്‍ മാത്രമല്ല എല്ലാ വകുപ്പുകളിലും ബന്ധുക്കളെയും സ്വന്തക്കാരെയും കുത്തി നിറച്ചിരിക്കുകയാണ്. മന്ത്രിസഭയില്‍ സ്വജനപക്ഷപാതം കാണിച്ച എല്ലാ മന്ത്രിമാരേയും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ല. മുഖ്യമന്ത്രിയുടെ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച വാര്‍ത്തയും പുറത്തു വന്നിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
ഇ.പി ജയരാജനെ പുറത്താക്കിയതോടെ അക്കാര്യമെല്ലാം മൂടിവെക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
എന്നാല്‍ അത് പുറത്തു കൊണ്ടുവരാനുള്ള ശ്രമം ബിജെപി ഊര്‍ജ്ജിതമാക്കും. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാരും. ബന്ധുനിയമന കാര്യത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യുഡിഎഫ് നടപടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാത്രമേ കാണാനാകൂവെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.