ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സിറിയയിൽ സമാധാനം പുനസ്ഥാപിക്കാനായി വിളിച്ചുചേർത്ത നയതന്ത്ര ചർച്ച പരാജയപ്പെട്ടു. അമേരിക്ക മുന്നോട്ട് വച്ച നയങ്ങളെ റഷ്യ എതിർത്തതോടെയാണ് ചർച്ച സമയവായമാകാതെ പിരിഞ്ഞത്.
അലപ്പോ നഗരത്തിൽ അതിരൂക്ഷമായി ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി നയതന്ത്ര ചർച്ചകൾ വിളിച്ചുച്ചേർത്തത്. സ്വറ്റ്സർലൻഡിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ യുദ്ധമവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിലപാടിനെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോ ശക്തമായി എതിർത്തു.
തുടർന്ന് ഇറാൻ, തുർക്കി, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഒൻപത് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത നാല് മണിക്കൂർ നീണ്ട ചർച്ച സമവായമാകാതെ പിരിയുകയായിരുന്നു. സിറിയയിൽ സമാധാനം പുനസ്ഥാപിക്കാൻ തുടർ ചർച്ചകൾ നടത്തുമെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നാളെ വീണ്ടും യോഗം ചേരുമെന്നും കെറി അറിയിച്ചു.
ഇന്നലെയും അലപ്പോയിലെ ജനവാസ മേഖലകളിൽ റഷ്യൻ സേന വ്യോമാക്രമണം നടത്തിയിരുന്നു. സിറിയൻ ഭരണകൂടവും റഷ്യയും നടത്തുന്ന ആക്രമണങ്ങളിൽ പിഞ്ച് കുഞ്ഞുങ്ങളടക്കം നിരവധി പേർ ദിനംപ്രതി കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ആഴ്ചകൾക്ക് മുൻപ് സിറിയയിൽ സംയുക്ത വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും റഷ്യ വ്യോമാക്രമണം തുടർന്നതിനാൽ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയിരുന്നു.