ന്യൂഡൽഹി: എയർ ഇന്ത്യയെ ജനപ്രിയമാക്കാൻ കേന്ദ്രസർക്കാരിന്‍റെ ഊർജ്ജിത ശ്രമം.
കൂടുതൽ നിക്ഷേപങ്ങൾ സ്വീകരിച്ചും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകിയും എയർ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
പുതിയ നിക്ഷേപങ്ങൾ വഴി എയർ ഇന്ത്യയെ മികച്ച ആഭ്യന്തര സർവീസായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഡൽഹിയിൽ നിന്ന് ലോകത്തെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു. അടുത്ത നാല് വർഷത്തിനുള്ളിൽ എയർ ഇന്ത്യ നൂറോളം പുതിയ വിമാനങ്ങൾ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് സ്വകാര്യ സർവീസുകളിൽ ലഭ്യമാകുന്നതിനെക്കാൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ യാത്രക്കാരെ കൂടുതൽ ആകർഷിക്കാനാകുമെന്ന് അധികൃതർ കണക്ക് കൂട്ടുന്നു. കാലാനുസൃതമായ മാറ്റങ്ങൾ എയർ ഇന്ത്യാ വിമാനങ്ങളിൽ വരുത്തുന്നില്ല എന്ന ആക്ഷേപം യാത്രക്കാർക്കിടയിലുണ്ടായിരുന്നു. ഈ ദുഷ്പ്പേര് മറികടക്കാനാണ് നൂതന പരിഷ്കാരങ്ങൾ വരുത്തി എയർ ഇന്ത്യയെ കൂടുതൽ ജനപ്രിയമാക്കാനൊരുങ്ങുന്നത്.