ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്. രജൗരിയിലെ നൗഷേര സെക്ടറിലാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ച നാല് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു വെടിവെയ്പ് എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ മാസം 29 ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയായിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തി പോസ്റ്റുകളില്‍ ബിഎസ്എഫ് കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.