പനാജി: പാകിസ്ഥാനുമായി സൈനിക-ആയുധ കരാറിനില്ലെന്ന് റഷ്യന്‍ പ്രതിരോധ കമ്പനിയായ റോസ്‌ടെക്. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഗോവയില്‍ എത്തിയ റോസ്‌ടെക് സിഇഒ സെര്‍ജി ഷെംസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് കൈമാറിയ ഹെലികോപ്ടറുകള്‍ യാത്രാസൗകര്യത്തിന് വേണ്ടിയുളളതാണെന്നും ഈ കരാര്‍ അനുസരിച്ചുളള ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായും സെര്‍ജി ഷെംസോവ് പറഞ്ഞു.
പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ റഷ്യ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുഖോയ് 35 വിമാനങ്ങള്‍ പാകിസ്ഥാന് കൈമാറാന്‍ റഷ്യ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത്തരത്തിലുളള യാതൊരു ഇടപാടുകള്‍ക്കും ഉദ്ദേശിച്ചിട്ടില്ലെന്നും പാകിസ്ഥാനുമായി സൈനിക ഉപകരണങ്ങള്‍ കൈമാറാനുളള കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുളള തെരഞ്ഞെടുത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെര്‍ജി ഷെംസോവ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം നടന്ന റഷ്യ-പാകിസ്ഥാന്‍ സംയുക്ത സൈനിക പരിശീലനത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. പാകിസ്ഥാന്റെ തീവ്രവാദ വിരുദ്ധസേനയെ കാര്യക്ഷമമാക്കാനും ആധുനീകവല്‍ക്കരിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശീലന പരിപാടിയെന്ന് അദ്ദേഹം വിശദീകരിച്ചു. ആഗോള തലത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുകയും ഭീഷണിയാകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് പോലുളള സംഘടനകളുമായി പോരടിക്കണമെങ്കില്‍ ഇത്തരം പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും റഷ്യയുമായുളള ബന്ധം ഉലയുന്നുവെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സൈനികതലത്തിലും പൗരതലത്തിലും എക്കാലത്തും വളരെ ശക്തവും ഫലപ്രദവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ചില മേഖലകളില്‍ ഈ സഹകരണത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടാകാം. അതൊഴിച്ചാല്‍ റഷ്യയുടെ ശക്തനായ സഖ്യകക്ഷിയും പങ്കാളിയുമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി അടുത്ത ബന്ധമാണ് സെര്‍ജി ഷെംസോവിന്. പ്രതിരോധ മേഖലയില്‍ റഷ്യന്‍ സര്‍ക്കാരിലെ രണ്ടാമന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സെര്‍ജി ഷെംസോവുമായി ഇന്ത്യയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ കൂടിക്കാഴ്ച.
പ്രതിരോധ, ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഉള്‍പ്പെടെ പതിനാറ് കരാറുകളില്‍ ഇന്നലെ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരുന്നു. അതിര്‍ത്തി സുരക്ഷയ്‌ക്കും മറ്റും ഉപയോഗിക്കുന്ന വിവിധോദ്ദേശ്യ ഹെലികോപ്്ടറുകളായ കമോവ് 226 ടി, ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എന്നിവയ്‌ക്ക് ഉള്‍പ്പെടെയാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.