ബെംഗലൂരു: ബെംഗലൂരുവില്‍ പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ച് കൊലപ്പെടുത്തി. കാമരാജ് സ്ട്രീറ്റ് സ്വദേശി രുദ്രേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ നടന്ന പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മടങ്ങവേ ബൈക്കിലെത്തിയ രണ്ട് പേര് ആക്രമിക്കുകയായിരുന്നു.
കാമരാജ് റോഡിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് സമീപം ബൈക്ക് നിര്‍ത്തി സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കവേയാണ് അക്രമികള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രുദ്രേഷിനെ ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശിവാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തെ ആര്‍എസ്എസ് നേതാക്കള്‍ അപലപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊമേഴ്സ്യല്‍ റോഡ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധത്തിന് ശേഷം രുദ്രേഷ് കൊല്ലപ്പെട്ട സ്ഥലത്തും പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്ന രുദ്രേഷിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.