തിരുവനന്തപുരം: രാജ്യത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. മന്ത്രി പദവി രാജിവച്ചാല്‍ പ്രത്യേക പ്രസ്താവന നടത്താനുള്ള ചട്ടം 64 പ്രകാരം നിയമസഭയില്‍ നടത്തിയ വിശദീകരണത്തിലാണ് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.
വ്യവസായ വകുപ്പിനെ അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും മുക്തമാക്കാന്‍ താനെടുത്ത നടപടികള്‍ ചില മാഫിയകളെ ചൊടിപ്പിച്ചു. ഇത് മൂലം അവര്‍ക്ക് തന്നോട് ശത്രുത തോന്നി. അകത്തു നിന്നും പുറത്തു നിന്നും അവര്‍ തനിക്കെതിരെ നീക്കങ്ങള്‍ നടത്തി. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു. താന്‍ അത് നല്‍കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.
വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ചാണ്. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചു. ഭരണ സ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യവസായ വകുപ്പിന്റെ അഭിവൃദ്ധിക്കായി താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥരാക്കി. തന്നെ ആര്‍ക്കും സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ലെന്നും 12 ദിവസമായി മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു.