വാഷിംഗ്ടൺ: ഷേക്സ്പിയർ നാടകങ്ങളിലെ താളാത്മകമായ ഭാഷയും, ആംഗികാഭിനയവും ഓട്ടിസം ബാധിച്ച കുട്ടികളുടെ സാമൂഹികവും ആശയസംവേദനം സംബന്ധിച്ചതുമായ കഴിവുകളെ വികസിപ്പിച്ചേക്കാമെന്ന് കണ്ടെത്തൽ.
ഷേക്സ്പിയറിന്റെ വിശ്വപ്രസിദ്ധമായ ദ ടെമ്പസ്റ്റ് എന്ന നാടകമുപയോഗിച്ച് ഓട്ടിസം ബാധിച്ച കുട്ടികളിൽ നടത്തിയ പരീക്ഷണമാണ്, നാടകത്തിലുപയോഗിച്ചിരിക്കുന്ന സവിശേഷമായ ഭാഷാഭംഗിയും, താളാത്മകതയും, ആംഗികാഭിനയവും കുട്ടികളിൽ പ്രകടമായ മാറ്റം ഉണ്ടാക്കുന്നതായി തെളിയിച്ചത്. അമേരിക്കയിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മാർക്ക് ജെ ടാസ്സെയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
ഓട്ടിസം ബാധിച്ച പതിനാലു കുട്ടികളിലാണ് പഠനം നടത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ സാമൂഹിക അവബോധം ഉയർത്തുന്നതിനായി, ഷേക്സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകം പ്രത്യേകമായി തയ്യാർ ചെയ്ത് അവതരിപ്പിക്കുകയായിരുന്നു.
വളരെ സ്വാഭാവികമായ രീതിയിൽ കളിചിരികളുടെ അന്തരീക്ഷത്തിൽ കുട്ടികളിലെ സാമൂഹികമായ കഴിവുകളെ വളർത്തിയെടുക്കാൻ, പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയ നാടകം സഹായിച്ചതായി കണ്ടെത്തിയെന്നും പ്രൊഫസർ മാർക്ക് അവകാശപ്പെട്ടു.
ഷേക്സ്പിയറുടെ ടെമ്പസ്റ്റ് എന്ന നാടകം, അന്തരിച്ച നാടകാചാര്യനായ കാവാലം നാരായണപ്പണിക്കർ, കൊടുങ്കാറ്റ് എന്ന പേരിൽ മലയാള നാടകവേദിയിലെത്തിച്ചിരുന്നു.