തലെഗാവ്: പൂനെ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ തലെഗാവ് ഡാബാഡെയിൽ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. തലേഗാവ് മുനിസിപ്പൽ കൗൺസിൽ മുൻ മേയർ സച്ചിൻ ഷെൽകേയാണ് ഇന്നു രാവിലെ 11 മണിയോടെ ഒരു പെട്രോൾ പമ്പിൽ വച്ച് കൊല ചെയ്യപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന സച്ചിനെ അക്രമിസംഘം തടഞ്ഞു നിർത്തി കൊലപ്പെടുത്തുകയായിരുന്നു.
കാർ തടഞ്ഞു നിർത്തിയ അക്രമിസംഘം സച്ചിനോട് വാഹനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും, പുറത്തിറങ്ങിയ സച്ചിനു നേരേ ഒരു റൗണ്ട് വെടിയുതിർത്തതിനു ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയുമായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ജയ് ജാദവ് പറഞ്ഞു. ദൃക്സാക്ഷികൾ സച്ചിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മുൻ വൈരാഗ്യമാവാം കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്തു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്യാം ഡാബാഡേ എന്നയാളുടെ അനുയായികൾ എന്നു കരുതപ്പെടുന്നവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളിപ്പോൾ ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കേസിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
2003ലും സച്ചിൻ ഷെൽകേ ആക്രമണത്തിനിരയായിരുന്നു. എന്നാൽ രക്ഷപ്പെടുകയായിരുന്നു. ഷെൽകേയുടെ അച്ഛനും, സഹോദരനുമെതിരേയും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
തലേഗാവിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനനില ആശങ്കയിലായതിനേത്തുടർന്ന് വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.