തിരുവനന്തപുരം: ബന്ധുജന നിയമത്തിന്റെ പേരില്‍ വ്യവസായമന്ത്രിപദം രാജിവെച്ച ഇ.പി ജയരാജനെ നിയമസഭയ്‌ക്കുളളിലും പിന്തുണയ്‌ക്കാതെ മുഖ്യമന്ത്രി. വ്യവസായ വകുപ്പില്‍ ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കാണ് നിയമനാധികാരം. അതുകൊണ്ട് തന്നെ താന്‍ ഇക്കാര്യം അറിയേണ്ട കാര്യമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വസ്തുത ഇതായിരിക്കെ ആ നിലയ്‌ക്കുളള ആക്ഷേപങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നിയമനങ്ങള്‍ സുതാര്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇ.പി ജയരാജനെ ന്യായീകരിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചുമില്ല. ബന്ധുജന നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.
അതേസമയം വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. ഫയല്‍ മുഖ്യമന്ത്രി കണ്ടതിന് തെളിവുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജയരാജന്‍ ശുപാര്‍ശ ചെയ്ത നിയമനങ്ങള്‍ മുഖ്യമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നതായി വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ വേഷം മാറി തന്നെ രഹസ്യമായി സന്ദര്‍ശിച്ചെന്ന പ്രതിപക്ഷ ആരോപണവും പിണറായി വിജയന്‍ നിഷേധിച്ചു. തത്ത കൂട്ടില്‍ നിന്ന് പുറത്തുകടന്നെങ്കിലും ഇപ്പോഴും ക്ലിഫ് ഹൗസ് പരിസരത്ത് പറക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് വി.ഡി സതീശന്റെ പ്രതികരണം.