ചണ്ഡിഗഢ്: മനുഷ്യക്കടത്ത് തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതിനായുളള ബില്ല് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചണ്ഡിഗഢില്‍ സംഘടിപ്പിച്ച റീജിണല്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മനേകാ ഗാന്ധി.
മനുഷ്യക്കടത്തിന് ഇരയാകുന്നവരെ രക്ഷപെടുത്തുന്നതും അവരുടെ പുനരധിവാസവും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാകും ബില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഓണ്‍ലൈനായി പരാതി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പോക്സോ ഇ ബോക്സ് പലര്‍ക്കും സഹായകമാകുന്നുണ്ടെന്നും 81 പരാതികള്‍ ഇതിനോടകം തന്നെ പോക്സോ ഇ ബോക്സ് വഴി ലഭിച്ചതായും അവര്‍ പറഞ്ഞു.
കാണാതായ കുട്ടികളെ കണ്ടെത്താന്‍ ആരംഭിച്ച ഖോയ പായ വെബ്സൈറ്റും ഏറെ സഹായകമാകുന്നുണ്ടെന്ന് മനേകാ ഗാന്ധി പറഞ്ഞു. 6000 ത്തോളം കേസുകള്‍ ഇതുവരെ ഖോയ പായ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവാഹ വെബ്സൈറ്റുകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടുളള മാര്‍ഗനിര്‍ദ്ദേശങ്ങളും വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആരംഭിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റും എടുത്തുപറയേണ്ട നേട്ടങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.