കണ്ണൂർ: ഇപി ജയരാജന്റെ രാജിക്ക് പിന്നാലെ വ്യവസായ വകുപ്പിന് കീഴിലെ കൂടുതൽ വഴിവിട്ട നിയമനങ്ങൾ പുറത്തു വരുന്നു. വകുപ്പിന് കീഴിലുള്ള കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനമാണ് വിവാദമായി മാറുന്നത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവിന്റെ മകനും സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ സൂപ്രണ്ടുമായ ആളെയാണ് ഉന്നതപദവയില്‍ നിയമിച്ചത്.
സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതും കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതുമായ സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി. ഈ സ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ നിയമനമാണ് വിവാദമായത്.
കുറച്ച് വര്‍ഷമായി ഇവിടെ ടെക്നിക്കല്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന കെ.ചന്ദ്രനെയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. സി.പി.എം നേതാവും നാറാത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കാണി കൃഷ്ണന്റെ മകനാണ് ചന്ദ്രന്‍. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ മാത്രമാണ് ഇദ്ദേഹത്തിന്റെ യോഗ്യത.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടേതിന് തുല്യമായ പദവി വഹിക്കുന്നവരെയും എം.ബി.എ ബിരുദമുള്ളവരെയുമാണ് സാധാരണയായി ഈ പദവിയിലേക്ക് നിയോഗിക്കാറ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ മകന് വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഉന്നതപദവി നല്‍കിയതിന് പിന്നിലും വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജനാണെന്നാണ് ആരോപണമുയരുന്നത്.
കെ.ചന്ദ്രന്റെ അടുത്ത ബന്ധുവിനും ഇതേ സ്ഥാപനത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ച് നിയമനം നല്‍കിയതായി ആരോപണമുണ്ട്. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളറിയാതെ ഇത്തരം നിയമനങ്ങള്‍ നടക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധമുയർന്നുകഴിഞ്ഞു.