താനെ: വിരാട് കോഹ് ലിയുടെ പെണ്‍സുഹൃത്ത് ആര്? ചോദ്യം മാത്രമല്ല ഓപ്ഷനായി ഉത്തരങ്ങളും ഉണ്ട്. പ്രിയങ്ക ചോപ്ര, അനുഷ്ക ശര്‍മ, ദീപിക പദുകോണ്‍ ഇവരുടെ പേരുകളാണ് ഉത്തരങ്ങളില്‍. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. താനെയിലെ ഒരു സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ഫിസിക്കല്‍ ട്രെയിനിംഗ് എഴുത്തുപരീക്ഷയിലെ ചോദ്യമായിരുന്നു ഇത്. പരീക്ഷ കഴിഞ്ഞുവെങ്കിലും ചോദ്യപ്പേപ്പര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബിവാണ്ടിയിലെ ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്കൂളിലെ പരീക്ഷയിലായിരുന്നു യാതൊരു കായികപ്രാധാന്യവുമില്ലാത്ത ചോദ്യം കടന്നുകൂടിയത്. ഒക്ടോബര്‍ 13 നായിരുന്നു പരീക്ഷ. വിരാട് കോഹ് ലിയുടെ പെണ്‍സുഹൃത്തും ഫിസിക്കല്‍ ട്രെയിനിംഗ് പരീക്ഷയുമായി എന്ത് ബന്ധമെന്ന് ചോദിച്ചാല്‍ കുട്ടികള്‍ക്കും ഉത്തരമില്ല. സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും ആരും വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചില പ്രാദേശിക ചാനലുകള്‍ക്ക് നല്കിയ പ്രതികരണത്തില്‍ ഫിസിക്കല്‍ ട്രെയിനിംഗ് അദ്ധ്യാപകനെ പഴിചാരി രക്ഷപെടുകയാണ് പ്രിന്‍സിപ്പാള്‍. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത് ഫിസിക്കല്‍ ട്രെയിനിംഗ് അദ്ധ്യാപകനായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ എ.ആര് പാണ്ഡെ പറഞ്ഞു. ഇത് ശ്രദ്ധയില്‍പെടാതെ പോയതും പിഴവായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു.
ശരിയുത്തരം ഏതാണെന്നും ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് പോകുമോയെന്നുമുളള ആശങ്കയിലാണ് കുട്ടികള്‍. കായിക താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തരത്തില്‍ കുട്ടികളുടെ പാഠങ്ങളിലോ പരീക്ഷകളിലോ വലിച്ചിഴയ്ക്കരുതെന്ന് മുന്‍പ് നടന്ന പല ചര്‍ച്ചകളിലും ആവശ്യമുയര്‍ന്നിരുന്നു. ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങള്‍ പരീക്ഷയില്‍ ഇടംപിടിക്കുന്നത് വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കുട്ടികളുടെ നിലവാരത്തെക്കുറിച്ചും തെറ്റായ സന്ദേശങ്ങള്‍ നല്‍കുമെന്ന ആശങ്കയും വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കുവെക്കുന്നു.