ന്യൂഡൽഹി: റിന്യൂവബിൾ എനർജ്ജി മേഖലയിൽ 21,000 കോടി രൂപയുടെ (3.1 ബില്യൺ ഡോളർ) പടുകൂറ്റൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. സോളാർ പാനൽ നിർമ്മാണമേഖലയെ ത്വരിതഗതിയിലാക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്.
പ്രധാൻമന്ത്രി യോജന ഫോർ ഓഗ്‌മെന്റിംഗ് സോളാർ മാനുഫാക്ച്വറിംഗ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി ചേർത്തു നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. സോളാർ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതിവിപണി തുറക്കാനും ഇതു വഴി ലക്ഷ്യമിടുന്നു.
നിലവിലെ ഊർജ്ജോത്‌പാദനം 45 ജിഗാവാട്ട്‌സ് ആണ്. ഇത് 2022ഓടെ 175 ജിഗാവാട്ട്‌സ് ആയി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ആഗോളവിപണിയിൽ അയൽരാജ്യമായ ചൈനയോട് കിടപിടിക്കുകയാണ് ഇതുവഴി ഭാരതം ലക്ഷ്യം വയ്‌ക്കുന്നത്. സോളാർ ഉൽപ്പന്ന വിപണിയിൽ ചൈന കയ്യടക്കിയിരിക്കുന്ന സ്ഥാനത്തേയ്‌ക്കാണ് ഭാരതവും മത്സരത്തിനു തയ്യാറെടുക്കുന്നത്.
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതു വഴി ഭാരതത്തിലും വൻ വിപണി കണ്ടെത്തിയിരിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ സ്വീകാര്യത കുറയും. കുറഞ്ഞ വിലയ്‌ക്ക് കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ഭാരതത്തിൽ ലഭ്യമാകുന്ന സാഹചര്യവും ഇതുവഴി സംജാതമാകുമെന്നാണ് കണക്കു കൂട്ടൽ. ഇന്ന് ഭാരതത്തിൽ ശതകോടികളുടെ വിപണിയാണ് ഊർജ്ജമേഖലയിൽ ചൈനയ്‌ക്കുള്ളത്.
പദ്ധതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഒരു മാസത്തിനകം ഇതു സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് കാബിനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിയ്‌ക്കുന്ന രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.