ലുധിയാന: സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾക്കു ശേഷവും രാജ്യത്തെ ദളിതർ നേരിടുന്ന പീഡനങ്ങൾ ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലുധിയാനയിൽ നാഷണൽ എസ്‌സി/എസ്‌ടി ഹബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയതയ്‌ക്കും, തൊട്ടുകൂടായ്മയ്‌ക്കുമെതിരേ ഗുരു ഗോബിന്ദ് സിങ് സ്വരമുയർത്തിയതു പ്രസ്താവിച്ചു കൊണ്ടാണ് രാജ്യത്തെ ദളിത് പീഡനങ്ങൾക്കെതിരേ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ഇത്തരം സാമൂഹിക അസമത്വങ്ങൾക്കെതിരേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമുക്കിടയിൽ നിലനിൽക്കുന്ന അസമത്വങ്ങളേക്കുറിച്ച് നമുക്കറിവുള്ളതാണ്, സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾക്കു ശേഷവും നമ്മുടെ ദളിത് സഹോദരന്മാർ നേരിടുന്ന പീഡനങ്ങൾ ലജ്ജാകരമാണ്. ഇതിന്റെ അവസാനത്തിനായി ഇനിയും നാം കാത്തിരുന്നു കൂടാ, അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധാപൂർവ്വമുള്ള സമീപനം ഉണ്ടാവേണ്ടതുണ്ട്. ദളിതരും ആദിവാസികളും നേരിടുന്ന പീഡനങ്ങൾ മറ്റു യുവാക്കൾ നേരിടുന്നതിലും അധികമാണ്. മറ്റുള്ളവരോടൊപ്പം അവർക്കും അവസരങ്ങൾ ലഭ്യമായാൽ ഭാരതത്തിന്റെ ഭാവി മാറ്റിയെഴുതുന്നതിൽ ദളിതരും ഒട്ടും തന്നെ പിന്നാക്കം പോകില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നാഷണൽ എസ്‌സി/എസ്‌ടി ഹബ്ബ് ഈ വിഭാഗത്തിൽ പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ ശാക്തീകരണവും ലക്ഷ്യം വച്ചുമുള്ളതാണ്. ഇതുവഴി, മറ്റുള്ളവർക്കു കൂടി തൊഴിൽ നൽകാൻ തക്കവണ്ണം അവർ മുഖ്യധാരയിലേക്കെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.