കോഴിക്കോട്: കര്‍ണാടകയില്‍ നിന്നും അനധികൃതമായി കന്നുകാലികളെ കടത്തുകയായിരുന്ന വാഹനങ്ങള്‍ കോഴിക്കോട് തൊണ്ടയാട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ശുദ്ധവായുപോലും കടക്കാതെ അതിക്രൂരമായ രീതിയിലായിരുന്നു വാഹനത്തിനുളളില്‍ കന്നുകാലികളെ ഇട്ടിരുന്നത്. മൂന്ന് പിക്കപ്പ് വാനുകളാണ് നാട്ടുകാര്‍ പിടികൂടിയത്.
കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്ത് നിന്നുമായി വാങ്ങിയ കന്നുകാലികളെ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശരീരം മുഴുവന്‍ കയറുകൊണ്ട് വരിഞ്ഞുമുറുക്കി ഒന്നിനുമുകളില്‍ ഒന്നായാണ് ഇവയെ വാഹനത്തില്‍ കടത്തിയിരുന്നത്. അവശ നിലയിലായ കന്നുകാലികളില്‍ പലതിന്റെയും ജീവന്‍ നഷ്ടപ്പെടുമെന്ന നിലയിലായിരുന്നു.
പോലീസ്‌റ്റേഷനിലെത്തിച്ച ഉടനെ ഇവയ്‌ക്ക് വെള്ളവും പുല്ലും നല്‍കി. കര്‍ണ്ണാടകയില്‍ നിന്നുളള വാഹനത്തിന്റെ ഡ്രൈവര്‍ സെമീറുള്ളയെയും മലപ്പുറത്തു നിന്നെത്തിയ വാഹനങ്ങള്‍ ഓടിച്ചിരുന്ന നൗഫല്‍ മോന്‍, സൈതലവി എന്നിവര്‍ക്കെതിരെയും പോലീസ് മൃഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു.