കണ്ണൂര്‍: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ.വി രമിത്തിനെ കൊലപ്പെടുത്തിയത് ആറംഗ സംഘമാണെന്ന് പൊലീസ്. ഒമ്പത് പേരെയാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആറംഗ കൊലയാളിസംഘത്തെ സഹായിച്ചവരാണെന്നാണ് സൂചന. പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുന്നതായും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തെ പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില മൊബൈല്‍ ഫോണ്‍ കോളുകളില്‍ നിന്നുമാണ് പ്രതികളെകുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. ഡിവൈ.എസ്.പി ടി.പി രഞ്ജിത്ത്, സി.ഐ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പിണറായി ടൗണിന് സമീപമുളള പെട്രോള്‍ പമ്പിന് അടുത്ത് വെച്ച് രമിത്തിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകരായിരുന്നു അക്രമത്തിന് പിന്നില്‍.