തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് അഭിഭാഷകരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ രതിൻ, സുഭാഷ്, അരുൺ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പരാതി നൽകി അഞ്ചാം ദിവസമാണ് അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ അഭിഭാഷകരും പരാതി നൽകി. ആക്രമിച്ചു, ജോലി തടസപ്പെടുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് പരാതി. ഈ പരാതിയിൽ വഞ്ചിയൂർ പൊലീസ് വനിതാ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുളളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിജിലൻസ് പ്രത്യേക കോടതിയിൽ വെള്ളിയാഴ്ചയാണ് വനിതാമാദ്ധ്യമപ്രവർത്തകരടക്കമുള്ളവർക്കു നേരേ അഭിഭാഷകരുടെ അതിക്രമം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി ഉൾപ്പെടെ പത്ത് അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ.ബദറുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു മാദ്ധ്യമപ്രവർത്തകർക്ക് നേരെയുളള അഭിഭാഷകരുടെ അതിക്രമം.