ആലപ്പുഴ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിന് ആലപ്പുഴയിൽ തുടക്കമായി. കണ്ണൂരിലടക്കം അരങ്ങേറുന്ന രാഷ്ട്രീയ അക്രമത്തിനെതിരേ രൂക്ഷമായ വിമർശനമാണ് കൗൺസിലിൽ ഉയർന്നത്. വിഷയത്തിൽ സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കി.
കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന് കാനം രാജേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ജനങ്ങൾക്ക് ജീവിക്കാൻ സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കണം. രണ്ടു കയ്യും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ല. എല്ലാവരും അതു കരുതണം. അതിനായി എല്ലാ രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു സി.പി.ഐയുടെ ഈ പരോക്ഷവിമർശനം.
മുഖ്യമന്ത്രി പിണറായി വിജയനും, ഇ.പി.ജയരാജനുമെതിരേ കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനമുയർന്നതായാണ് സൂചന. ആശ്രിതനിയമനം സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു. ഗോഡ് ഫാദർ വിവാദത്തിൽ നാളെ ബിജിമോൾ എം.എൽ.എയ്ക്കെതിരേ എടുക്കേണ്ട നടപടിയേക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും.