ന്യൂഡൽഹി: ഭാരതം റഷ്യയിൽ നിന്നും അകുല-2 അന്തർവാഹിനി പാട്ടത്തിനു വാങ്ങിയേക്കുമെന്നു സൂചന. ആണവശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അന്തർവാഹിനിക്ക് 2 ബില്യൺ ഡോളർ ചിലവു വരുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം ഗോവയിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായതായാണ് സൂചന. ഇതുവരെ ബ്രിക്സ് ഉച്ചകോടിയിൽ ധാരണയായിട്ടുള്ള 5 ബില്യൺ ഡോളറിനുള്ള പ്രതിരോധ ഇടപാടുകൾ മാത്രമേ ഔദ്യോഗികമായി പുറത്തു വന്നിട്ടുള്ളൂ.
ഭാരതം നിലവിൽ അകുല -2 ക്ലാസിൽ പെട്ട റഷ്യൻ നിർമ്മിത അന്തർവാഹിനി ഉപയോഗിക്കുന്നുണ്ട്. ഐ.എൻ.എസ് ചക്ര എന്ന പേരിലാണിത് അറിയപ്പെടുന്നത്. 2012 ഏപ്രിൽ നാലിനാണ് ഐ.എൻ.എസ് ചക്ര ഭാരതീയ നാവികസേന കമ്മീഷൻ ചെയ്യുന്നത്.
8,140 ടൺ കേവുഭാരമുള്ള ഐ.എൻ.എസ് ചക്രയുടെ പാട്ടകാലാവധി 10 വർഷം ആയിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അന്തർവാഹിനിക്കു കരാറാകുന്നത്. 35 നോട്ടിക്കൽ മൈൽ വേഗതയിൽ സമുദ്രാന്തർഭാഗത്തു കൂടി സഞ്ചരിക്കാൻ സാധിക്കുന്ന ആധുനിക അന്തർവാഹിനികളിൽ ഒന്നാണ് അകുല-2. ഏറ്റവും നിശ്ശബ്ദമായി പ്രവർത്തിക്കുന്ന അന്തർവാഹിനികളുടെ ഗണത്തിലും അകുല മുൻപന്തിയിലാണ്. സമുദ്രാന്തർഭാഗത്തു കൂടിയുള്ള നീക്കങ്ങളിലും ആക്രമണത്തിലും അന്തർവാഹിനിയിൽ നിന്നും പുറപ്പെടുന്ന ശബ്ദം നിർണ്ണായകമാണ്. ശത്രുവിന്റെ സെൻസറുകൾക്കു പിടിച്ചെടുക്കാൻ കഴിയാത്തത്ര സൂക്ഷ്മശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന അന്തർവാഹിനികളാണ് യുദ്ധരംഗത്ത് സ്വീകാര്യം. ഇത്തരത്തിൽ അകുല-2 ശത്രുക്കൾക്ക് കണ്ടെത്താൻ വളരെ പ്രയാസമേറിയതാണെന്നു വിലയിരുത്തപ്പെടുന്നു.
ടോർപ്പിഡോകളും, മിസൈലുകളും ഉപയോഗിച്ച് സമുദ്രാന്തർഭാഗത്തു നിന്നും ആക്രമണം നടത്താൻ അകുല-2 പര്യാപ്തമാണ്. 190 മെഗാവാട്ട് ന്യൂക്ലിയർ പവറിൽ പ്രവർത്തിയ്‌ക്കുന്ന അകുല-2ന്റെ ആക്രമണ പരിധി കണക്കാക്കാനാകാത്തതാണ്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആയുഷ്കാലത്തേയ്‌ക്കുള്ള ഇന്ധനമാണ് ഇത്തരം അന്തർവാഹിനികളിൽ ഉപയോഗിക്കുന്നത്. അതു കാരണം ദീർഘകാലം കടലിനടിയിൽ കഴിയാൻ ഇവയ്‌ക്കു കഴിവുണ്ട്.
ഭാരതത്തിന്റെ അരിഹന്ത് അന്തർവാഹിനി കമ്മീഷൻ ചെയ്യുന്നതിനോടൊപ്പം അകുല-2 രാജ്യത്തിന്റെ സമുദ്രസുരക്ഷയിൽ നിർണ്ണായക പങ്കു വഹിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ ചാര അന്തർവാഹിനികൾ ഇടയ്‌ക്കിടെ ഇന്ത്യൻ സമുദ്രാന്തർഭാഗത്തു പ്രവേശിക്കുന്നതടക്കമുള്ള രഹസ്യ നീക്കങ്ങൾ കണ്ടെത്തി പ്രതിരോധിക്കാൻ ഇത് നാവികസേനയ്‌ക്ക് കരുത്തേകും.