ന്യൂഡല്‍ഹി: വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്ന് ജെഎന്‍യുവില്‍ വൈസ് ചാന്‍സലറെയും ഉദ്യോഗസ്ഥരെയും ഉപരോധിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായത്.
നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായ സംഭവത്തിലായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ ഉച്ച മുതല്‍ സര്‍വ്വകലാശാലയിലെ ഭരണവിഭാഗം ഓഫീസ് ഉപരോധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന്് സര്‍വ്വകലാശാല വിസി ജഗദേഷ് കുമാര്‍ ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെയായിരുന്നു സമരം.
വിസിയെക്കൂടാതെ പതിനഞ്ചോളം ഉദ്യോഗസ്ഥരും ഓഫീസില്‍ ഇന്നലെ മുതല്‍ കുടുങ്ങിയിരുന്നു. തങ്ങള്‍ക്ക് ഭക്ഷണവും വെളളവും പോലും നല്‍കിയില്ലെന്ന് വിസി ആരോപിച്ചു. നജീബ് അഹമ്മദിനെ കണ്ടെത്താന്‍ പൊലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കിയെങ്കിലും വിദ്യാര്‍ഥികള്‍ പിന്തിരിയാന് തയ്യാറായില്ല. സര്‍വ്വകലാശാല ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയാണെന്നായിരുന്നു ഇവരുടെ ആരോപണം.
വിദ്യാര്‍ഥിയെ കണ്ടെത്താനായി പത്ത് സംഘങ്ങളെ നിയോഗിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിക്കും. വിദ്യാര്‍ഥിയെ കുറിച്ചുളള വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലവും പൊലീസ് വാഗ്ദാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മുതലാണ് നജീബ് അഹമ്മദിനെ കാണാതായത്.