കാസര്‍ഗോഡ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ഭൂമിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മിച്ചത് വിവാദമാകുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിന്റെ പടന്ന പഞ്ചായത്തിലുള്ള ഭൂമിയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസായി ഉയര്‍ന്ന പുതിയ കെട്ടിടത്തെ ചുറ്റിപ്പറ്റിയാണ് പാര്‍ട്ടിക്കുളളില്‍ വിവാദം തലപൊക്കിയിരിക്കുന്നത്.
പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ചെയര്മാന് പികെസി സുലൈമാന്‍ ഹാജിയാണ് കെട്ടിടം നിര്‍മിച്ച് നല്‍കിയത്. സിപിഎം മുന്‍കൈയെടുത്ത് നടത്തിയ വള്ളംകളി മത്സരത്തിന് സുലൈമാന്‍ ഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ചത് കഴിഞ്ഞ ദിവസം ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസ് നിര്‍മിച്ച വിവാദവും പുറത്തുവരുന്നത്.
പീസ് സ്കൂളിന്റെ ചുമതലക്കാരും സിപിഎമ്മും തമ്മിലുളള വഴിവിട്ട ബന്ധത്തിന്റെ തെളിവായി പാര്‍ട്ടിക്കുളളില്‍ തന്നെ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്. സ്കൂളിന്റെ ഭൂമിയില്‍ 2 സെന്റോളം സ്ഥലത്ത് പ്രത്യേകം മതില് കെട്ടി അതിനുള്ളിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും പെയിന്റടിച്ച രീതിയില്‍ റോഡ് സൈഡില്‍ തന്നെയാണ് കെട്ടിടം. സമീപത്തായി പഴയ പാര്‍ട്ടി ഓഫീസും കാണാം.
2015 ജനുവരി ഒന്നിന് പീസിനായി കണ്വന്ഷന് സെന്റര്‍ നിര്‍മ്മിക്കാന്‍ തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കുഞ്ഞിരാമന് സ്ഥാപിച്ച ഫലകവും സ്ഥലത്തുണ്ട്. പാര്‍ട്ടി ഓഫീസ് കെട്ടിടം ഇപ്പോഴും സുലൈമാന്‍ ഹാജിയുടെ പേരില്‍ തന്നെയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. പീസ് ഇന്റര്‍നാഷണല്‍ പോലെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളുമായി പാര്‍ട്ടിക്കുളള വഴിവിട്ട ബന്ധത്തിന്റെ തെളിവാണ് സംഭവമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.