ന്യൂഡൽഹി: ബ്രസീലിയൻ മാദ്ധ്യമങ്ങൾ പുറത്തു കൊണ്ടുവന്ന എംബ്രായർ വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് പ്രഥമവിവരറിപ്പോർട്ട് സി.ബി.ഐ ഫയൽ ചെയ്തു. 20.8 കോടി ഡോളറിന്റെ ഇടപാടായിരുന്നു യു.പി.എ സർക്കാരിന്റെ കാലത്ത് നടന്നത്.
കേസിൽ പ്രധാന പ്രതി വിദേശിയായ ഇടനിലക്കാരൻ വിപിൻ ഖന്നയാണ്. എംബ്രായർ കമ്പനിയിൽ നിന്നും ഖന്ന കമ്മീഷൻ സ്വീകരിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ കമ്മീഷൻ തുക സ്വിറ്റ്സർലണ്ട്, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ വഴിയാണ് ഖന്നയിൽ എത്തിയതെന്നും പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.
എയർബോൺ മുന്നറിയിപ്പു സംവിധാനമുള്ള എംബ്രായർ 145 വിമാന ഇടപാട് 2008ലാണ് നടക്കുന്നത്. ബ്രസീലിയൻ കമ്പനിയായ എംബ്രായറും ഡി.ആർ.ഡി.ഒയുമാണ് കരാറിൽ ഒപ്പിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതിനേത്തുടർന്നാണ് കേസ് സി.ബി.ഐക്കു വിട്ടത്.