തൃശ്ശൂർ: തൃശ്ശൂർ പാവറട്ടി തിരുനെല്ലൂരിൽ ബി.ജെ.പി പ്രവർത്തകനായ പെരിങ്ങാട് കളപ്പുരയ്‌ക്കൽ വിഷ്ണുപ്രസാദിനെ സി.പി.എമ്മുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു.
പാവറട്ടി തിരുനെല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദ് ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടിയഞ്ചിറയിൽ വച്ച് കാറിലെത്തിയ സി.പി.എം അക്രമിസംഘം ആക്രമിക്കുകയായിരുന്നു. തലയ്‌ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രസാദ് തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ ഏതാനും നാളുകളായി ബി.ജെ.പി പ്രവർത്തകർക്കു നേരേ സി.പി.എമ്മുകാർ അഴിച്ചു വിടുന്ന ആക്രമനങ്ങളുടെ തുടർച്ചയായാണ് പുതിയ സംഭവം. പ്രദേശത്ത് ബി.ജെ.പിയുടെ സ്വാധീനം വർദ്ധിക്കുന്നതിൽ വിറളി പൂണ്ടാണ് സി.പി.എമ്മുകാർ ബി.ജെ.പി പ്രവർത്തകർക്കു നേരേ അക്രമം അഴിച്ചുവിടുന്നതെന്നാണ് സൂചന. സംഭവത്തിൽ പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംസ്ഥാനത്ത് വ്യാപകമാകുന്ന സി.പി.എം അക്രമങ്ങൾക്കെതിരേ ദേശീയതലത്തിൽ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സി.പി.എം പ്രകോപനം സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം പുറത്തു വന്നതു മുതൽ നിരവധി അക്രമസംഭവങ്ങളാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.