മലപ്പുറം: മുത്തലാഖ് വിഷയത്തിൽ മുസ്ലിം പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ലീഗ്. ഈ വിഷയത്തിൽ അഭിപ്രായം പറയില്ലെന്നും പണ്ഡിതരാണ് തീരുമാനിക്കേണ്ടതെന്നും ലീഗ് നേതാക്കള്‍ മലപ്പുറത്ത് പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് നിയമം തള്ളണോ കൊള്ളണോ എന്നറിയാതെ ആശങ്കയിലാണ് മുസ്ലിംലീഗ് നേതൃത്വം. ഈ വിഷയത്തില്‍ മതപണ്ഡിതരാണ് തീരുമാനമെടുക്കേണ്ടതെന്നും ഇക്കാര്യത്തില്‍ പാർട്ടിക്ക് അഭിപ്രായമില്ലെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ഈ മാസം 29ന് മതനേതാക്കളെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് ചർച്ച സംഘടിപ്പിക്കും. വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ലീഗ് നേതാവ് വ്യക്തമാക്കി.