തിരുവനന്തപുരം: അധികാരമേറ്റതു മുതൽ നിരവധി വിവാദങ്ങളേറ്റു വാങ്ങി ഒടുവിൽ ബന്ധുനിയമനത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്ന ഇ.പി.ജയരാജൻ വീണ്ടും വിവാദത്തിൽ. കുടുംബക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായി സൗജന്യമായി 15 കോടി വില വരുന്ന തേക്കു നൽകണമെന്നാവശ്യപ്പെട്ട് വ്യവസായമന്ത്രിയുടെ ലെറ്റർ പാഡിൽ കത്തെഴുതി നൽകിയതാണ് പുതിയ വിവാദത്തിനു വഴി വച്ചിരിക്കുന്നത്.
വിപണിയിൽ 15 കോടി രൂപയോളം വില വരുന്ന 1200 ക്യുബിക് മീറ്റർ തേക്കാണ് സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് ജയരാജൻ വനം വകുപ്പിന് കത്തു നൽകിയത്. കുടുംബക്ഷേത്രമായ കണ്ണൂർ ഇരിണാവ് ക്ഷേത്ര നവീകരണത്തിനായാണ് ജയരാജൻ തേക്ക് ആവശ്യപ്പെട്ടത്. ജയരാജന്റെ ബന്ധുക്കൾ ട്രസ്റ്റ് അംഗങ്ങളായുള്ളതാണ് ഇരിണാവ് ക്ഷേത്രം.
വനം മന്ത്രി കെ.രാജു, ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസർക്ക് കത്തു കൈമാറി. ഓഫീസർ ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ, ഇരിണാവ് ക്ഷേത്രത്തിൽ നവീകരണം നടക്കുന്നുണ്ടോ എന്നറിയുന്നതിനായി പറഞ്ഞയയ്ക്കുകയും ചെയ്തു. നവീകരണം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനേത്തുടർന്ന് കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനേക്കുറിച്ച് അന്വേഷണവും നടത്തി. കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനാണ് കണ്ണവം.
കണ്ണവം വനത്തിൽ ഇത്രയും ഭീമാകാരമായ തേക്ക് ഇല്ലെന്ന് മറുപടി നൽകിയതിനേത്തുടർന്ന്, കണ്ണൂരിലെ വനം വകുപ്പ്, ഇത്രയും വലിയ അളവിൽ തേക്ക് നൽകുന്നതിന് ചട്ടമനുവദിക്കുന്നില്ലെന്നു കാട്ടി മറുപടി നൽകുകയായിരുന്നുവെന്നാണ് വിവരം.
ഇതോടെ സാഹചര്യങ്ങൾ ഒത്തു വന്നിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന വലിയ ഒരു അഴിമതിയുടെ കഥ കൂടിയാണ് ഇടതു സർക്കാർ അധികാരത്തിലേറി നാലു മാസത്തിനുള്ളിൽ പുറത്തു വരുന്നത്.