കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ഒരുങ്ങുകയാണ് കോട്ടയം പോസ്റ്റ് ഓഫീസ് ഡിവിഷന്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന തുടങ്ങിയവ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി മാസം ഒരു രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍ ഓട്ടോ, ടാക്സി ജീവനക്കാരെ പങ്കാളികളാക്കും. ഡിവിഷന് കീഴിലുളള ഓട്ടോ, ടാക്സി ജീവനക്കാരെയാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളാക്കുക. ഈ പദ്ധതികള്‍ വിശദീകരിച്ച് 24 മുതല്‍ പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പ്രത്യേക മേളകള്‍ സംഘടിപ്പിക്കും.
ജില്ലയിലെ എല്ലാ ഹെഡ്പോസ്റ്റോഫീസുകളിലുമായിരിക്കും പ്രത്യേക മേളകള്‍ സംഘടിപ്പിക്കുകയെന്ന് പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് അലക്സിന് ജോര്‍ജ് ഐപിഎസ് വ്യക്തമാക്കി. കോട്ടയം ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും പദ്ധതികളുടെ സേവനം പ്രയോജനപ്പെടുത്താം. ജനക്ഷേമ പദ്ധതികള്‍ സാധാണക്കാരിലെത്തിക്കുന്നതിനായി മേളകള്‍ കൂടാതെ റോഡ്ഷോകളും നടത്തും.