ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായ ജുങ്കോ താബെ അന്തരിച്ചു. 77 വയസായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ജീവിച്ചിരുന്ന ഉദാഹരണമായിരുന്നു ജപ്പാന്‍കാരിയായ ജുങ്കോ താബെ.
1975 മെയ് 16 ന്, തന്റെ മുപ്പത്തിയഞ്ചാം വയസിലായിരുന്നു ജുങ്കോ താബെ ചരിത്രം രേഖപ്പെടുത്തിയ ആ നേട്ടം കൈവരിച്ചത്. ഉയരങ്ങള്‍ കീഴടക്കാനുളള ഹരത്തില്‍ നിന്നാണ് കൊടുമുടികളുടെ മുകള്‍ത്തട്ട് ജുങ്കോ താബെ സ്വപ്‌നം കണ്ട് തുടങ്ങിയത്. പുറത്ത് ജോലി ചെയ്യാനുളള അവകാശം പുരുഷന്‍മാര്‍ക്കും അടച്ചിട്ട വീടിന്റെ അകത്തളങ്ങള്‍ സ്ത്രീകള്‍ക്കുമെന്ന് പൊതുവെ കരുതിയിരുന്ന കാലമായിരുന്നു അത്. ഇതിനെ വെല്ലുവിളിച്ച് 1969 ല്‍ മലകയറാന്‍ താല്‍പര്യമുളള സ്ത്രീകള്‍ക്കായി ഒരു ക്ലബ്ബ് തന്നെ ജുങ്കോ ഉണ്ടാക്കി.
എവറസ്റ്റിലേക്കുളള കയറ്റത്തിനിടെ ഒരു തവണ ശക്തമായ ഹിമപാതത്തില്‍ പെട്ട ജുങ്കോ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. എന്നിട്ടും പാതിവഴിയില്‍ പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല.
ലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രചോദനമായിരുന്നു ആ ചരിത്രനേട്ടം. പതിനാറ് വര്‍ഷത്തിന് ശേഷം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജുങ്കോ താബെ പറഞ്ഞത് തനിക്ക് ഇനിയും കൂടുതല്‍ കൊടുമുടികള്‍ കയറണമെന്നായിരുന്നു.
എഴുപത് രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളാണ് ജുങ്കോ കീഴടക്കിയത്. ഈ യാത്രയില്‍ ഏഴ് കൊടുമുടികളും അവര്‍ കീഴടക്കി. 1992 ലായിരുന്നു ഈ നേട്ടം സ്വന്തം പേരില്‍ ജുങ്കോ താബെ എഴുതി ചേര്‍ത്തത്. ഫുക്കുഷിമയിലെ മലയോര കര്‍ഷക നഗരമായ മിഹാരുവില്‍ 1939 ലാണ് ജുങ്കോ താബെ ജനിച്ചത്. നാലാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകനുമൊത്തെ സമീപത്തെ നാസു മലനിരകളില്‍ കയറിയതോടെയാണ് പര്‍വ്വതാരോഹണം ഒരു ഹരമായി ജുങ്കോ ജീവിതത്തില്‍ സ്വീകരിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ പര്‍വ്വതാരോഹണം ഫുജി പര്‍വ്വതത്തിലേക്കായിരുന്നു.
2011 ല്‍ ജപ്പാനില്‍ വ്യാപകനാശം വിതച്ച ഭൂകമ്പത്തിന്റെയും സുനാമിയുടെയും ഇരകളായ ഒരു സംഘം കുട്ടികള്‍ക്ക് ഒപ്പമായിരുന്നു ഈ മലകയറ്റം. സുനാമിയില്‍ ഒലിച്ചുപോകുന്നതല്ല ജീവിതം, ഉയരങ്ങള്‍ കീഴടക്കാന്‍ ഉളളതാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ യാത്രയില്‍ ജുങ്കോയ്‌ക്ക് കുട്ടികള്‍ക്ക് നല്‍കാനുണ്ടായിരുന്ന ഉപദേശം.