ലഖ്നൗ : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലെ മൂപ്പിളമ തർക്കം രൂക്ഷമാകുന്നു . മുലായം സിംഗ് യാദവിനെ അനുകൂലിക്കുന്നവരും മകൻ അഖിലേഷിനെ അനുകൂലിക്കുന്നവരും ചേരി തിരിഞ്ഞുള്ള വാഗ്വാദം തുടർക്കഥയായി . ഇരു വിഭാഗങ്ങളും എതിർഭാഗത്തുള്ളവരെ പുറത്താക്കുന്ന നടപടികളും ആരംഭിച്ചതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദീർഘനാളായി പാർട്ടിയിൽ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത ആദ്യമായി പുറത്ത് വന്നത്. ശിവപാൽ യാദവിന്റെ അടുത്ത അനുയായികളെ അഖിലേഷ് യാദവ് മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതോടെയാണ് തർക്കം പരസ്യമാകുന്നത് . ഇതിനെത്തുടർന്ന് അഖിലേഷിന്റെ പാർട്ടി അദ്ധ്യക്ഷ പദവി മുലായം എടുത്തുമാറ്റുകയും ശിവപാലിന് നൽകുകയും ചെയ്തു
ഇതിന് മറുപടിയായി അധോലോക നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായ മുക്തർ അൻസാരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുലായം സിംഗ് യാദവിന്റെ അനുജൻ ശിവപാൽ യാദവിന്റെ വകുപ്പുകൾ അഖിലേഷ് എടുത്തുമാറ്റിയതോടെ തർക്കം രൂക്ഷമായി .എന്നാൽ അനുജനു വേണ്ടി മുലായം സിംഗ് യാദവ് രംഗത്തെത്തിയതോടെ അഖിലേഷ് പത്തിമടക്കി .
എന്നാൽ അഖിലേഷിന്റെ വിശ്വസ്തനായ ഉദയ് വീർ സിംഗിനെ പാർട്ടിയിൽ നിന്ന് ശിവപാൽ യാദവ് പുറത്താക്കിയതോടെ പ്രശ്നം വീണ്ടും ആളിക്കത്തി. അഖിലേഷിനു പിന്തുണയുമായി മുലായം സിംഗിന്റെ അടുത്ത ബന്ധു രാം ഗോപാൽ യാദവും രംഗത്തെത്തി . അതിനിടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പാർട്ടി തീരുമാനിക്കുമെന്ന മുലായം സിംഗ് യാദവ് പ്രഖ്യാപിച്ചത് അഖിലേഷ് ക്യാമ്പിൽ ആശങ്ക പരത്തി
അഖിലേഷിനെ മുന്നിൽ നിർത്തിയല്ലാതെ യു പി പിടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അംഗങ്ങൾക്ക് രാം ഗോപാൽ യാദവ് കത്തയച്ചതിനെത്തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായി . ഇതിനെത്തുടർന്ന് ശിവപാൽ യാദവുൾപ്പെടയുള്ള നാല് മന്ത്രിമാരെ അഖിലേഷ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി . അഖിലേഷിന്റെ വിശ്വസ്തൻ രാം ഗോപാൽ യാദവിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് ശിവപാൽ യാദവും മുലായവും പ്രതികാരം ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. പാർട്ടിയിലെ പ്രശ്നങ്ങൾ സർക്കാരിനെയും ബാധിക്കുന്നുണ്ട് . ഇത് തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. അടുത്തിടെ പുറത്ത് വന്ന സർവേകൾ ബിജെപിക്ക് യുപിയിൽ മുൻ തൂക്കം പ്രവചിക്കുന്നുമുണ്ട് .