സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജനെ ജയിൽ ഉപദേശകസമിതി അംഗമാക്കിയത് ഇന്റലിജൻസ് റിപ്പോർട്ട് മറച്ചുവച്ച്. ജയരാജൻ ജയിൽ ഉപദേശക സമിതി അംഗമെന്ന പദവിയ്‌ക്ക് യോജിയ്‌ക്കാത്ത വിധത്തിൽ മുൻപ് പ്രപർത്തിച്ചുവെന്ന് ടി.പി സെൻ കുമാർ നൽകിയ റിപ്പോർട്ടാണ് സർക്കാർ മറച്ച് വച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് 2012 ൽ നീക്കം ചെയ്യുകയായിരുന്നു.
വി.എസ് അച്യുതാന്ദൻ മന്ത്രിസഭയുടെ കാലത്താണ് പി.ജയരാജൻ പി.ശശിയ്‌ക്ക് ഒപ്പം ജയിൽ ഉപദേശകസമിതി അംഗമായ് നിയമിയ്‌ക്കപ്പെടുന്നത്. ജയിലിലെ സി.പി.എം തടവുകാരുടെ സുവർണ്ണകാലമായിരുന്നു അത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട് പാർട്ടി അനുഭാവികളായ തടവുകാർക്ക് പരോൾ തുടർച്ചയായ് അനുവദിച്ചു.
ശിക്ഷ ഇളവ് നിർദ്ദേശത്തിന്റെ കാര്യത്തിലും അക്കാലത്ത് വലിയ സ്വജനപക്ഷപാദമാണ് ഉണ്ടായത്. അനർഹരായ പാർട്ടിതടവുകാർക്ക് ശിക്ഷ ഇളവ് നൽകി വിട്ടയയ്‌ക്കാൻ ശുപാർശചെയ്തപ്പോൾ അർഹരായവർ ഇരുമ്പഴിയ്‌ക്കുള്ളിൽ വർഷങ്ങളോളം വീണ്ടും തളച്ചിടപ്പെട്ടു. വ്യാവകമായ ആക്ഷേപമാണ് അന്ന് ഉയർന്ന് വന്നത്.
അധികാരമാറ്റം സംസ്ഥാനത്ത് ഉണ്ടായപ്പോൾ ഈ ജയരാജ വിപ്ലവം കണ്ണൂർ സെൻട്രൽ ജയിലിൽ തുടർന്നു. തുടർന്ന് ടി.പി. സെൻ കുമാർ ജയരാജന്റെയും പി.ശശിയുടെയും നിയമവിരുദ്ധ ഇടപെടലുകളെക്കുറിച്ച് വിവരം നൽകി. ഇരുവരും നടത്തിയ വഴിവിട്ട ഇടപെടലുകൾ സംബന്ധിച്ചും പാർട്ടി തടവുകാർക്ക് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ചുമാണ് ടി.പി സെൻ കുമാർ സർക്കാരിനോട് വിവരിച്ചത്.
തുടർന്ന് ജയിൽ ഉപദേശക സമിതിയുടെ കാലാവധി പൂർത്തിയാക്കാൻ മൂന്നുമാസം ശേഷിയ്‌ക്കെ പി.ജയരാജനെയും പി.ശശിയെയും സർക്കാർ ജയിൽ ഉപദേശകസമിതിയിൽ നിന്ന് നീക്കം ചെയ്തു. കോടതിയിൽ പോകുമെന്ന് നടപടിയോട് അന്ന് പ്രതികരിച്ചെങ്കിലും പിന്നീട് ഇരുവരും തീരുമാനത്തിന് വഴങ്ങി.
ജയിൽ ഉപദേശകസമിതിയിൽ ക്രമവിരുദ്ധമായ ഇടപെടൽ നടത്തിയതിന് നടപടിയ്‌ക്ക് വിധേയനായ അതേ പി.ജയരാജനെ തന്നെയാണ് വീണ്ടും ഇക്കാര്യങ്ങൾ മറച്ച് വച്ച് സർക്കാർ ജയിൽ ഉപദേശകസമിതി അംഗം ആക്കിയിട്ടുള്ളത്.