ന്യൂഡല്‍ഹി: പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ സമാജ് വാദി പാര്‍ട്ടി നിര്‍ണായക യോഗം ഇന്ന്. മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും മുതിര്‍ന്ന നേതാക്കളുടേയും യോഗമാണ് വിളിച്ച് ചേര്‍ത്തിട്ടുള്ളത്. മുഖ്യമന്ത്രി അഖിലേഷ് യാദവ്, സംസ്ഥാന അദ്ധ്യക്ഷന്‍ ശിവ്പാല്‍ യാദവ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് തെരുവിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് യോഗം.
സമാജ് വാദി പാര്‍ട്ടിയില്‍ ഇന്ന് രണ്ടിലൊന്ന് അറിയാം. അമ്മാവനും മരുമകനും തമ്മിലടിച്ച് പ്രതിസന്ധിയിലായ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്ന ദിവസമാണിന്ന്. പിളര്‍പ്പിലേക്കെന്ന് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുലായം ഇന്ന് ജനപ്രതിനിധികളുടേയും മുതിര്‍ന്ന നേതാക്കളുടേയും യോഗം വിളിച്ചിട്ടുള്ളത്.
അഖിലേഷിനും, പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനും ക്ഷണമില്ലാത്ത യോഗത്തിലെ തീരുമാനം സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. വിശേഷിച്ചും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍.
ഇന്നലെ അമ്മാവന് ശിവ്പാല്‍ യാദവിനെയും വിശ്വസ്ഥരെയും മന്ത്രിസഭയില്‍ നിന്നും വെട്ടി അഖിലേഷും, അഖിലേഷിന്റെ വിശ്വസ്ഥനും കുടുംബാഗവുമായ രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ശിവ്പാലും പരസ്പരം തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് അമര്‍സിംഗ് ഉള്‍പ്പെടെയുള്ളവരെ പഴിചാരിയ അഖിലേഷ് മുലായം സ്വീകരിക്കുന്ന എന്തു തീരുമാനവും അംഗീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അതേസമയം അഖിലേഷിനെ പിന്നില്‍ നിന്നും നിയന്ത്രിക്കുന്നത് രാംഗോപാലാണെന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ശിവ്പാല്‍ യാദവ്.