തിരുവനന്തപുരം : സോളാർ കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിഴ ശിക്ഷ. വ്യവസായി കെഎം കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിലാണ് ബെംഗലൂരു കോടതിയുടെ വിധി. ആറു മാസത്തിനകം 1.60 കോടിരൂപ തിരിച്ചു നൽകണമെന്ന് കോടതി ഉത്തരവിട്ടു.
സോളാർ കേസിൽ വ്യവസായി എം കെ കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിലാണ് ഒരു കോടി അറുപത് ലക്ഷത്തി എൺപത്തയ്യായിരം രൂപ പരാതിക്കാരന് നൽകാന് കോടതി ഉത്തരവിട്ടത്. ബംഗലൂരു സിറ്റി അഡിഷനൽ സിവിൽ ആന്റ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പരാതിക്കാരന് ആറ് മാസത്തിനകം പണം തിരികെ നൽകാനാണ് കോടതി നിർദേശം.
ആറു പ്രതികളുള്ള കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. സോളാർ പവർ പ്രേജക്ടിന് കേന്ദ്ര സബ്സിഡി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് കേസ്. 12 ശതമാനം പലിശയടക്കമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് അദ്ദേഹവുമായി പരിചയപ്പെട്ടതെന്ന് കുരുവിള പരാതിയിൽ പറയുന്നു. ഗൺമാനായിരുന്ന സലിം രാജിനെ ഫോണിൽ വിളിച്ച് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നതായും, പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. 2015 മാർച്ച് 23 നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുരുവിള കോടതിയെ സമീപിച്ചത്.