ഇസ്ളാമാബാദ് : പാകിസ്ഥാനിലെ ക്വറ്‍റയിൽ നടന്ന ഭീകരാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു.100 ലധികം പേർക്ക് പരുക്ക്. ക്വറ്‍റയിലെ പൊലീസ് ട്രെയിനിംഗ് കോളജിലാണ് ആക്രമണം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ
ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്‍റയിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം. പൊലീസ് ട്രെയിനിംഗ് കോളജിലേക്ക് അതിക്രമിച്ചു കയറിയ ഭീകരരർ പോലീസ് കേഡറ്റുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.മൂന്ന്പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭീകരരെ സുരക്ഷ സേന വധിച്ചതായാണ് റിപ്പോർട്ട്. പരുക്കേറ്‍റവരിൽ നിരവധിപേരുടെ നിലഗുരുതരമാണ്. ഭീകരസംഘടനയായ ലഷ്കർ ഇ ജാന്‍വ്വിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആഗസ്‍റ്‍റിൽ ക്വറ്‍റയിലെ സർക്കാർ ആശുപത്രിക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടിരുന്നു.
ഭീകരർ അഫ്ഗാനിസ്ഥാനിലെ നിയന്ത്രണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷ സൈന്യം വ്യക്തമാക്കി. രണ്ട് ഭീകരർ സ്വയം പൊട്ടിത്തെറിച്ചതായും ഒരാളെ സൈന്യം വധിച്ചതായും സൈനിക വക്താവ് പറഞ്ഞു.