ന്യൂഡൽഹി :വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് അസമിലെ റോഡ് , ജല പാത വികസനത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ് സോനോവാളുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം അറിയിച്ചത്.
അസമിൽ ദേശീയ പാതയാക്കി മാറ്റാൻ കഴിയുന്ന 1200 കിലോമീറ്റർ സംസ്ഥാന പാതകൾ ഏതെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കാനും ഗഡ്കരി ആവശ്യപ്പെട്ടു. നേരത്തെ അനുവദിച്ച 450 കോടിയുടെ കേന്ദ്രഫണ്ട് 800 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. വടക്ക് കിഴക്ക് ഇടനാഴി സാദ്ധ്യമാക്കാനുള്ള സർവേ നടത്താനും ഗഡ്കരി ഉത്തരവാദപ്പെട്ടവരോട് നിർദ്ദേശിച്ചിട്ടുണ്ട് . സംസ്ഥാനത്തെ വിവിധ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതികൾക്കും ഗഡ്കരി അനുമതി നൽകി.