കോയമ്പത്തൂർ: കേരളത്തിൽ നിന്നുമുള്ള ആശുപത്രി മാലിന്യം നിറച്ച 24 ട്രക്കുകൾ കോയമ്പത്തൂരിൽ പിടിയിലായി. കേരള, തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് പിടി കൂടിയത്.
പ്രദേശവാസികളായ കർഷകർ വിവരമറിയിച്ചതിനേത്തുടർന്ന് പൊലീസെത്തി വാഹനം പിടികൂടുകയായിരുന്നു. ചെല്ലപ്പൻ ഗൗണ്ടർ എന്നൊരാളുടെ സ്വകാര്യ കൃഷിഭൂമിയിൽ സംസ്കരിക്കുന്നതിനു വേണ്ടിയാണ് ഈ ആശുപത്രി മാലിന്യങ്ങൾ കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെല്ലപ്പന്റെ കൃഷിയിടം പാട്ടത്തിനെടുത്തത് മുഹമ്മദ് ഇല്യാസ് എന്നൊരാളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മുഹമ്മദ് ഇല്യാസ് സ്ഥലം പാട്ടത്തിനെടുത്ത ശേഷം ആവശ്യക്കാർക്ക് മാലിന്യ നിക്ഷേപത്തിന് വിട്ടുകൊടുക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ, ചെല്ലപ്പൻ, ഇല്യാസ്, കേരളത്തിൽ നിന്നുള്ള മറ്റു രണ്ടു പേർ എന്നിവർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ചെല്ലപ്പനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സെപ്റ്റംബർ 12ന് സമാനമായ കേസിൽ, ആശുപത്രിമാലിന്യങ്ങൾ സ്വകാര്യഭൂമിയിൽ നിക്ഷേപിക്കുന്ന റാക്കറ്റിനേക്കുറിച്ച് പ്രദേശവാസികൾ അറിയിച്ചതിനേത്തുടർന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.