ഇസ്ലാമാബാദ്: ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്വം വ്യക്തമാക്കുന്ന ലഷ്‌കര്‍ ഇ തോയിബയുടെ പോസ്റ്ററുകള്‍ പാക് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ ഒരാളായ മുഹമ്മദ് അനസിന് അന്തിമോപചാരം നല്‍കുന്ന ചടങ്ങിനെക്കുറിച്ച് അറിയിച്ചുകൊണ്ടുളളതാണ് പോസ്റ്ററുകള്‍. മുഹമ്മദ് അനസിന്റെ സ്വദേശമായ ഗുര്‍ജന്‍വാല നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത ചിത്രം സഹിതം പുറത്തുവിട്ടത്.
ഉറി ആക്രമണത്തിന് പാക് ബന്ധമുണ്ടെന്നും ലഷ്‌കര്‍ തീവ്രവാദികള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നുമുളള ഇന്ത്യയുടെ വാദത്തിന് ശക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. അബു സിറാഖാ എന്ന പേരിലാണ് മുഹമ്മദ് അനസ് ലഷ്‌കറില്‍ പ്രവര്‍ത്തിച്ചിരുന്നത്. ധീരഹൃദയനായ വിശുദ്ധപോരാളിയെന്നാണ് ഇയാളെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഉറിയില്‍ 17 ഹിന്ദുസൈനികരെ അബു സിറാഖാ നരകത്തിലേക്ക് അയച്ചതായും പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നു. ലഷ്‌കര്‍ ഇ തോയിബയുടെ മാതൃസംഘടനയായ ജമാഅത്ത് ഉദ് ദവയുടെ സ്ഥാപകനായ ഹാഫീസ് സയീദിന്റെ ചിത്രം സഹിതമാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഗുര്‍ജന്‍വാലയിലെ ഗിര്‍ജാക്കിന് സമീപം ബഡാ നുളളായില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകളിലും പ്രത്യേക നിസ്‌കാരങ്ങളിലും പങ്കെടുക്കണമെന്ന്് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു. ഉറി ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുളള തീവ്രവാദികളാണെന്ന് ഇന്ത്യ പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റുകള്‍ അടക്കമുളള സാധനങ്ങളില്‍ പതിച്ചിരുന്ന പാകിസ്ഥാനില്‍ നിന്നുളള സ്റ്റിക്കറുകള്‍ ഉള്‍പ്പെടെയുളള അടയാളങ്ങള്‍ ഇന്ത്യ തെളിവുകളായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.
എന്നാല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പാകിസ്ഥാന്റെ ഈ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആക്രമണത്തിനെത്തിയ തീവ്രവാദികള്‍ അവരുടെ കമാന്‍ഡര്‍മാരുമായി സംസാരിക്കാന്‍ ഉപയോഗിച്ച കോഡ് ഭാഷ ഉള്‍പ്പെടെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയിരുന്നു. തീവ്രവാദികള്‍ കൊണ്ടുവന്ന റെഡി ടു ഈറ്റ് ഭക്ഷണപായ്‌ക്കറ്റുകളില്‍ പോലും പാകിസ്ഥാനില്‍ നിന്നുളള നിര്‍മാതാക്കളുടെ സ്റ്റിക്കറുകള്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയിട്ടും തെളിവുകള്‍ അപര്യാപ്തമെന്ന് കാട്ടി പങ്ക് നിഷേധിക്കുകയായിരുന്നു പാകിസ്ഥാന്‍ ഇതുവരെ ചെയ്തിരുന്നത്.